ചോറ്റാനിക്കര: കുരീക്കാട് കനാൽ റോഡിൽ ബൈക്ക് കനാലിൽ വീണ് യുവതി മരിച്ചു. വാഹനം ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. കലൂർ മണപ്പാട്ടിപ്പറമ്പിനടുത്ത് താമസിക്കുന്ന നെട്ടൂർ തെക്കേപ്പറമ്പിൽ മായ എന്ന ഷാഹിൻ ബീവിയാണ് (46) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉദയംപേരൂർ പുതിയകാവ് അംബികാ മന്ദിരത്തിൽ വിനിൽകുമാർ (47) ഓടിച്ച ബൈക്കാണ് കുരീക്കാട് കനാൽ റോഡിലുള്ള കനാലിൽ വീണത്. എരുവേലിയിൽനിന്ന് കുരീക്കാടിലേക്ക് പോകുന്ന റോഡിന്റെ ഉൾവഴിയിലുള്ള കനാലിലേക്ക് ബൈക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ പരിക്കൊന്നുമില്ലാതെ വിനിൽകുമാർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. വീഴ്ചയിൽ കഴുത്തൊടിഞ്ഞ ഷാഹിൻ ബീവിയും അബോധാവസ്ഥയിലായ വിനിലും രാത്രി കനാലിൽ വീണത് ആരും അറിഞ്ഞില്ല. ശനിയാഴ്ച പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ബോധമില്ലാതെ ഇരുവരും കനാലിൽ കിടക്കുന്നത് കണ്ടത്. ചോറ്റാനിക്കര പൊലീസ് സംഭവസ്ഥലത്ത് എത്തി ഇരുവരെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഷാഹിൻ ബീവി മരിച്ചിരുന്നു. വിനിൽകുമാറിനെ ചോറ്റാനിക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.