ചിറ്റൂർ: വിളയോടി താമരക്കുളത്ത് ബൈക്ക് വീടിന്റെ മതിലിൽ ഇടിച്ചുമറിഞ്ഞ്, സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. എലപ്പുള്ളി പള്ളത്തേരി കൊമ്പൻപള്ളത്ത് ഉദയകുമാറിന്റെ മകൻ ആകാശാണ് (23) മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ച 1.30ഓടെയാണ് സംഭവം. നന്ദിയോടുള്ള അമ്മവീടിനു സമീപത്തെ മാരിയമ്മൻക്ഷേത്രത്തിലെ പൂജാ ഉത്സവം കഴിഞ്ഞ് എലപ്പുള്ളിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
ആകാശ് ഓടിച്ച ബൈക്ക് റോഡിനു സമീപത്തുതന്നെയുള്ള വീടിന്റെ മതിൽപില്ലറിൽ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടം കണ്ട സാമൂഹികപ്രവർത്തകൻ വിളയോടി വേണുഗോപാൽ വിവരമറിയിച്ചതിനെത്തുടർന്ന്, രാത്രികാല പട്രോളിങ്ങിലുണ്ടായിരുന്ന മീനാക്ഷിപുരം പൊലീസ് ഉടനെത്തി.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പ്രേമ. സഹോദരൻ: അതുൽ.