ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതക്കുരുക്ക് തീർത്ത ദുരിതത്തിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. വാണിയംകുളം തൃക്കങ്ങോട് മലമ്പള്ളയിൽ സന്ധ്യ (36) ആണ് സ്വകാര്യ ബസിന്റെ ചക്രങ്ങൾക്കടിയിൽ ചതഞ്ഞു മരിച്ചത്.
പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിനു സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് രാജേഷിന് പരിക്കേറ്റു. ദമ്പതികൾ സഞ്ചരിച്ച ബൈക്കിന് പിറകിൽ വന്ന സ്വകാര്യ ബസ് ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ ഇടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ സന്ധ്യയുടെ ശരീരത്തിൽ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ സന്ധ്യ മരിച്ചു.
കാലിന് പരിക്കേറ്റ നിലയിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജേഷിനെ വിദഗ്ധ ചികിത്സക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.