കൊളത്തൂർ: പാലൂർ കോട്ട വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് യുവാവ് മരിച്ചു. വെങ്ങാട് നായരുപടി സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീനാണ് (45) മരിച്ചത്. ശിഹാബുദ്ദീന്റെ മകനടക്കം രണ്ടുപേർക്ക് പരിക്കുണ്ട്. ഞായറാഴ്ച വൈകുന്നേരം 4.15ഓടെയായിരുന്നു അപകടം. മകൻ ശഹ്സൈബുമായി (ഏഴ്) വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.
താഴ്ഭാഗം കണ്ട ശേഷം ഇരുവരും പാറയിൽ പിടിച്ച് മുകളിലേക്ക് കയറി. മുകളിലെത്തിയ ശേഷം പാറക്കെട്ടിൽ നിന്ന് കാൽവഴുതി ശഹ്സൈബും മകനെ പിടിക്കാൻ ശ്രമിക്കവേ ശിഹാബുദ്ദീനും താഴേക്ക് വീഴുകയായിരുന്നു. ഇവരെ പിടിക്കാൻ ശ്രമിക്കവേയാണ് പഴമള്ളൂർ സ്വദേശി പഴയിടത്ത് സുഹൈൽ (24) താഴേക്ക് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ശിഹാബുദ്ദീനെയും ശഹ്സൈബിനെയും പെരിന്തൽമണ്ണ അൽ ഷിഫയിൽ എത്തിച്ചെങ്കിലും ശിഹാബുദ്ദീൻ മരണപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശഹ്സൈബ് അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തോളെല്ലിന് പരിക്കുപറ്റിയ സുഹൈലിനെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള ശിഹാബുദ്ദീന്റെ മൃതദേഹം പൊലീസ് മേൽനടപടി സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. കൊളത്തൂർ പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു.
പിതാവ്: മുത്തേടത്ത് മുഹമ്മദലി. മാതാവ്: മൈമൂന. ഭാര്യ: സമീറ (വൈലത്തൂർ). മറ്റൊരു മകൻ: ശഹ്സാബ്. സഹോദരങ്ങൾ: ശംസുദ്ദീൻ, ശമീറ, ജഹനാര.