വടക്കഞ്ചേരി: മഞ്ഞപ്രചിറ കടാംപാടം പുഴയിൽ വീണ് ഗൃഹനാഥൻ മരിച്ചു. മഞ്ഞപ്ര പന്നിക്കോട് താമസിക്കുന്ന സാബുവാണ് (50) മരിച്ചത്. ഞായറാഴ്ച രാവിലെ 11നായിരുന്നു സംഭവം. കണ്ണൂർ കോളയാട് സ്വദേശിയായ സാബു 15 വർഷമായി പാലക്കാട് മഞ്ഞപ്ര പന്നിക്കോടാണ് താമസം. ഭാര്യ: ലിനി (അബൂദബി). മക്കൾ: എബിൻ (റിയാദ്), എൽദോ, എഡ്വിൻ.
കടാംപാടം ഭാഗത്ത് പുഴയിൽ വീണുകിടന്ന തെങ്ങ് മുറിച്ചുമാറ്റിയ ശേഷം കൈകാലുകൾ കഴുകാനായി പുഴയിലേക്ക് പോയതായിരുന്നു സാബു. ചെക്ക് ഡാമിന് സമീപത്തെ പുഴയിലേക്കിറങ്ങുന്ന പടിയിൽനിന്ന് കാൽവഴുതി പുഴയിലേക്ക് വീണു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സലീം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴ്ന്നു. വടക്കഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയുടെ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കണ്ണൂരിലുള്ള സ്വദേശമായ കൊന്നേരിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം കൊന്നേരി പുന്നപ്പാലം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.