പന്നിത്തടം: റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു.
ചിറമനേങ്ങാട് നെല്ലിക്കുന്ന് ലക്ഷംവീട് നഗറിലെ കുന്നത്ത് പീടികയിൽ വീട്ടിൽ അബൂബക്കറിന്റെ മകൻ ഇർഷാദാണ് (20) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോയമ്പത്തൂരിൽ നഴ്സിങ് വിദ്യാർഥിയാണ്.
ദുബൈയിലുള്ള പിതാവിന്റെ അടുത്തേക്ക് പോവുകയായിരുന്ന മാതാവിനെ യാത്രയാക്കാൻ വീട്ടിൽ എത്തിയതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.45ന് പന്നിത്തടം മാത്തൂർ പാടത്തിന് സമീപമായിരുന്നു അപകടം. പന്നി ഇടിച്ചതോടെ നിയന്ത്രണംവിട്ട് മറിഞ്ഞ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഇർഷാദിന് തലക്കു സാരമായി പരിക്കേറ്റിരുന്നു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മാതാവ്: സുലൈഖ. സഹോദരങ്ങൾ: ഇംതിയാസ്, ഇജാസ് (ഇരുവരും ദുബൈ). ഖബറടക്കം ബുധനാഴ്ച കടങ്ങോട് പള്ളിമേപ്പുറം തലേങ്ങാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.