കരുവാരകുണ്ട്: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് മരിച്ചു. തരിശ് മുക്കട്ടയിലെ പുറ്റാണിക്കാട്ടിൽ ഖമറുദ്ദീന്റെ മകൻ റംഷാദ് (26) ആണ് മരിച്ചത്. കൽക്കുണ്ട് മലയിൽ പാർക്കിന് സമീപം സ്വപ്നക്കുണ്ടിൽ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.
നാലു സുഹൃത്തുക്കൾക്കൊപ്പമാണ് റംഷാദ് യുവാക്കളുടെ ഇഷ്ടകേന്ദ്രമായ സ്വപ്നക്കുണ്ടിലെത്തിയത്. മഴയുള്ളതിനാൽ ഇവിടെ നല്ല ഒഴുക്കുണ്ടായിരുന്നു. കുളിക്കുന്നതിനിടെ പാറക്കല്ലിൽനിന്ന് വീണ കൂട്ടുകാരനെ രക്ഷിക്കാൻ ചാടിയ റംഷാദിന്റെ തല കല്ലിൽ തട്ടുകയായിരുന്നു.
കൂട്ടുകാരനെ രക്ഷിച്ചെങ്കിലും മുറിവേറ്റ റംഷാദ് ഒഴുക്കിൽ പെട്ട് പാറക്കല്ലുകൾ നിറഞ്ഞ ചോലയിലൂടെ 200 മീറ്ററോളം ഒഴുകിപ്പോയി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തി. കൽക്കുണ്ട് അട്ടിക്ക് മുകളിൽ നിന്നാണ് റംഷാദിനെ കണ്ടെത്തിയത്. ഉടനെ പുന്നക്കാട് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കരുവാരകുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി പത്തോടെ മൃതദേഹം തരിശ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. എറണാകുളത്തെ കടയിൽ ജീവനക്കാരനാണ് റംഷാദ്. നിഹാല ഷെറിൻ ആണ് ഭാര്യ. ഒമ്പത് മാസം പ്രായമുള്ള കുട്ടിയുണ്ട്.