പയ്യന്നൂർ: കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പയ്യന്നൂരിലെ എ.വി. ശ്രീകണ്ഠ പൊതുവാളിന്റെ മകനും എഴുത്തുകാരനുമായ കെ.കെ. ഭാസ്കരൻ (80) അഹ്മദാബാദിൽ നിര്യാതനായി. പ്രസാധകനും ലിംകാ റെക്കോഡ് ജേതാവുമാണ്. ജയിംസ് ഹാഡ്ലി ചെയ്സ് എഴുതിയ നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള ഇന്ത്യയിലെ അവകാശം ലഭിച്ച ഏക മലയാളിയാണ്.
102 ജയിംസ് ഹാഡ്ലി ചെയ്സ് നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കൂടാതെ സ്വന്തം കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഹ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ 30 വർഷത്തിലധികം ജോലി ചെയ്തിരുന്നു. ഗുജറാത്ത് വിദ്യാപീഠത്തിൽ മലയാളം വകുപ്പ് മേധാവിയായും പ്രവർത്തിച്ചു. നർത്തകിയും സാമൂഹിക പ്രവർത്തകയുമായ മല്ലിക സാരാഭായിയെ മലയാളം പഠിപ്പിച്ചത് ഭാസ്കരനായിരുന്നു. 2014ൽ അക്ഷയ നാഷനൽ അവാർഡ് ലഭിച്ചു. ഭാര്യ: നളിനി. മക്കൾ: ഗീത പൊതുവാൾ (സാമൂഹിക പ്രവർത്തക), രാജീവ് പൊതുവാൾ. സഹോദരങ്ങൾ: മോഹനൻ, മാലിനി, വാസന്തി, ശ്യാമള, വിനയൻ, പരേതരായ സരോജിനി, സുധാകരൻ.