കുന്നത്തങ്ങാടി: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടക്കാരൻ മരിച്ചു. വില്ലടം ചേമ്പത്ത് വേലായുധന്റെ മകൻ അശോകനാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ കുന്നത്തങ്ങാടി രാഗ് സ്റ്റുഡിയോയുടെ സമീപമായിരുന്നു അപകടം. മുമ്പ് കുന്നത്തങ്ങാടിയിൽ ആയിരുന്നു അശോകൻ താമസിച്ചിരുന്നത്. ഗൾഫിലേക്ക് പോകുന്ന സുഹൃത്തിനെ കാണാനാണ് വെള്ളിയാഴ്ച കുന്നത്തങ്ങാടിയിൽ എത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചില സുഹൃത്തുക്കളെ കണ്ടതോടെ അവരുടെ അടുത്തേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അശോകനെ അതേ കാറിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാവടിയാട്ട് സംഘത്തിലെ അംഗമായിരുന്നു. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സീന. മക്കൾ: നില (നഴ്സ്, കുവൈത്ത്), ലിന. സംസ്കാരം ഞായറാഴ്ച.