മുളയം: ചെറിയ വെള്ളച്ചാലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർ മുണ്ടാടൻ ജോണിയുടെ മകൻ ലിജോയെയാണ് (37) മരിച്ച നിലയിൽ കണ്ടെത്തിയത്. മുളയത്തുള്ള ഒരു വ്യക്തിയുടെ വീടിനു സമീപത്തുകൂടി പോകുന്ന പഞ്ചായത്ത് ചാലിലാണ് ലിജോ കിടക്കുന്നതായി കണ്ടത്. ഉടനെ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇയാൾ കിടന്നിരുന്ന ചാലിൽ മീനിനെ പിടിക്കാൻ വൈദ്യുതിക്കെണി വെച്ചിട്ടുണ്ടായിരുന്നു. ഇതിൽനിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അവിവാഹിതനാണ്. മാതാവ്: ലിസി. സഹോദരി: ലിജി.