ചെറുതുരുത്തി: സ്വകാര്യ വ്യക്തിയുടെ വളപ്പിൽ ആടിന് പുല്ലുപറിക്കാനെത്തിയ വീട്ടമ്മക്ക് ആൾത്താമസമില്ലാത്ത വീടിന്റെ ചുമരിടിഞ്ഞുവീണ് ദാരുണാന്ത്യം. പുതുപ്പാടം മുസ്ലിം പള്ളിക്കു സമീപം താമസിക്കുന്ന ഓങ്ങനാട്ടുതൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിനയാണ് (52) മരിച്ചത്. വീടിന്റെ പിൻഭാഗത്തെ ചുമരിൽ തൂങ്ങിക്കിടന്ന കാട്ടുവള്ളി വലിക്കുന്നതിനിടെ ഇടിഞ്ഞുവീഴുകയായിരുന്നു.
സമീപംതന്നെ പുല്ലുവെട്ടുകയായിരുന്ന ഭർത്താവ് മുഹമ്മദ് ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ എല്ലാവരും ചേർന്ന് ഉടൻ ഓട്ടുപാറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
മൃതദേഹം മുളങ്കുന്നത്തുകാവ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മുഹമ്മദിന്റെ ആദ്യ ഭാര്യ സഫിയ മരിച്ചതിനെ തുടർന്നാണ് ആമിനയെ വിവാഹം കഴിച്ചത്. ഇവർക്ക് മക്കളില്ല.