അരിമ്പൂർ (തൃശൂർ): നോവലിസ്റ്റും കവിയും ചരിത്രകാരനുമായ വെളുത്തൂർ അയ്യങ്കാളി നഗറിലെ കൊച്ചുവീട്ടിൽ വള്ളിക്കാവ് വിജയൻ (81) നിര്യാതനായി. ഏതാനും വർഷമായി കൊല്ലം മാവേലിക്കരയിൽ മകനോടൊപ്പമായിരുന്നു താമസം. കൊല്ലം വള്ളിക്കാവ് കൊച്ചുവീട്ടിൽ പരമേശ്വരന്റെയും സരസ്വതിയുടെയും മകനാണ്. 40 വർഷമായി അരിമ്പൂർ പഞ്ചായത്തിലെ വെളുത്തൂരിലായിരുന്നു താമസം. ഇടശ്ശേരിക്കവിതകളെ കുറിച്ചുള്ള പഠനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 2004ൽ അംഗൻവാടി കുരുന്നുകൾക്ക് ഐ.സി.ഡി.സി പാഠ്യപദ്ധതി പ്രകാരം തയാറാക്കിയ തളിരും മലരും പുസ്തകം വിജയൻ വള്ളിക്കാവിന്റേതാണ്. സുസ്മിതൻ ചെമ്പൻതറ, തളിരും മലരും, ആറാം ലോകം, സുന്ദരകില്ലാഡി, നാലാം കാലൻ, ജാതിഭേദം മതദ്വേഷം, അരണ്ട ഭാഷയും ആദിമലയാളവും തുടങ്ങി 30 കൃതികൾ രചിച്ചിട്ടുണ്ട്. 1993ൽ തൃശൂർ ടൗൺഹാളിൽ ഇ.എം.എസും എം.എൻ. വിജയനും ചേർന്നാണ് വള്ളിക്കാവ് വിജയന്റെ ആദ്യ കവിത സമാഹാരമായ ആറാംലോകം പ്രകാശനം ചെയ്തത്. പ്ലാച്ചിമട സമരം, വിഴിഞ്ഞം തുറമുഖത്തിനു വേണ്ടിയുള്ള സമരം എന്നിവയിൽ സജീവമായിരുന്നു. അവസാനകാലത്ത് പൗരാവകാശ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. ഒല്ലൂർ കേന്ദ്രീകരിച്ച് കറിപ്പൊടികളുടെ ഉൽപാദനവും വിപണനവും നടത്തിയിരുന്നു. തൃശൂരിലെ ബുദ്ധം ബുക്സ് ഉടമയും പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയംഗവുമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം മണലൂർ മേഖല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിമുക്ത ഭടനാണ്. വിമുക്തഭട സംഘടനയുടെ അരിമ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായിരുന്നു.
ഭാര്യ: വിമല . മക്കൾ: ശ്രീദേവി, ശ്രീജിത്ത്. മരുമക്കൾ: സതീഷ്, അനുശ്രീ.