വേങ്ങര: നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് വഴിയരികിൽ നിൽക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം. ഊരകം കാരാത്തോട് അങ്ങാടിക്കടുത്ത് താമസിക്കുന്ന എട്ടുവീട്ടിൽ മുഹമ്മദലിയുടെയും ബിരിയാമുവിന്റെയും മകൻ മൂസ മുഹമ്മദ് കുട്ടി എന്ന കുട്ടിമോൻ (29) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് കാരാത്തോട് സ്വദേശി സനോബിന് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടം.
ബി.എസ്.എൻ.എല്ലിന്റെ ഇന്റർനെറ്റ് വിതരണ ഏജൻസി ജീവനക്കാരാണ് ഇരുവരും. ജോലി കഴിഞ്ഞെത്തി മൂസയെ വീട്ടിലിറക്കാൻ സനോബിന്റെ സ്കൂട്ടറിലെത്തിയതായിരുന്നു ഇരുവരും.
മെയിൻ റോഡിൽ നിന്ന് മൂസയുടെ വീട്ടിലേക്കുള്ള റോഡിനോട് ചേർന്ന് വഴിയരികിൽ സംസാരിച്ചുനിൽക്കവെ വേങ്ങര ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് യുവാവിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു. സഹോദരങ്ങൾ: ഷാനവാസ്, ജുവൈരിയ, ജുമൈലത്ത്. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ച രണ്ടു മണിയോടെ വീട്ടിലെത്തിച്ചു.
2.30ന് കാരാത്തോട് ജുമാ മസ്ജിദിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ജനാസ നമസ്കാരത്തിനു ശേഷം മൂന്നുമണിയോടെ പിതാവിന്റെ ജന്മദേശമായ കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ എന്നിവർ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.