വേങ്ങര: നിയന്ത്രണംവിട്ട് ഉരുണ്ട ലോറിക്കും മതിലിനുമിടയിൽ കുടുങ്ങി ഡ്രൈവർ ദാരുണമായി മരിച്ചു. കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി പരേതനായ പുള്ളാട്ട് കുഞ്ഞീതു ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദാണ് (55) മരിച്ചത്. കണ്ണമംഗലത്ത് വാളക്കുടക്കും എടക്കാപറമ്പിനുമിടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
എംസാൻഡുമായി പോവുകയായിരുന്ന ലോറി കയറ്റത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വാഹനത്തിൽ നിന്നിറങ്ങിയ ഡ്രൈവർ വാഹനത്തിനും തൊട്ടടുത്ത മതിലിനുമിടയിൽ കുടുങ്ങിയാണ് അപകടത്തിൽപെട്ടത്.
സംഭവം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം എടക്കാപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് ആറോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മറവ് ചെയ്തു. മാതാവ്: സൈനബ. ഭാര്യ: മറിയുമ്മ. മക്കള്‍: ശരീഫ്, ഷെമീം, സനൂബ്, ഷാനിബ, സാബിത്. മരുമകള്‍: ഫാത്തിമ. സഹോദരങ്ങൾ: കുഞ്ഞിമൂസ, ഇബ്രാഹിം, ഉസ്മാൻ, ഷറഫുദ്ദീൻ, ഫാത്തിമ, ഖദീജ.