പെരിന്തൽമണ്ണ: കൂട്ടുകാരോടൊത്ത് നീന്തുന്നതിനിടെ പെരിന്തൽമണ്ണ കക്കൂത്ത് ചാലിയം കുളത്തിൽ ആറാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. കക്കൂത്ത് ഈസഹാജി പടിയിലെ വിളക്കത്തൊടി ഫസലുൽ ആബിദ്-നസീമ ദമ്പതികളുടെ ഏക മകൻ മുഹമ്മദ് അഫ്നാനാണ് (11) മരിച്ചത്. പൂപ്പലം ഒ.എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. വിവരം ലഭിച്ചതോടെ പെരിന്തൽമണ്ണ അഗ്നിരക്ഷാസേന സ്കൂബ ടീം സ്ഥലത്തെത്തി തിരച്ചിൽ നടത്തി വിദ്യാർഥിയുടെ ശരീരം പുറത്തെടുത്തു. പെരിന്തൽമണ്ണ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 7.30ന് കക്കൂത്ത് വെട്ടുപാറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
പെരിന്തൽമണ്ണ ഫയർ ആൻഡ് റസ്ക്യൂ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ സി. ബാബുരാജ്, അസി. സ്റ്റേഷൻ ഓഫിസർ പി. നാസർ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ സുർജിത്, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ രാജേഷ്, രഞ്ജിത്ത്, കിഷോർ, നിതിൻ, ഡ്രൈവർ ശരത്, ഹോംഗാർഡുമാരായ ഗോപകുമാർ, ജയപ്രസാദ് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.