ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ഒഴുക്കിൽപെട്ട അവിട്ടത്തൂർ സ്വദേശി മരിച്ചു. മാളിയേക്കൽ ജോയ് (54) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കലാഭവൻ മണിയുടെ പാഡിക്കു സമീപം പുഴയിലൂടെ നിലവിളിച്ച് ഒഴുകിപ്പോകുന്ന ജോയിയെ കണ്ട് ആളുകൾ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ചാലക്കുടി ആശുപത്രി കടവിന് സമീപത്ത് ഇദ്ദേഹം പുഴയിൽ നിന്ന് കയറാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പുഴയിൽ ഒഴുക്ക് ശക്തമായിരുന്നു. ശ്രീധരമംഗലം ക്ഷേത്രക്കടവിൽവെച്ച് ഇദ്ദേഹത്തെ അഗ്നിരക്ഷാസേന ജീവനക്കാർ കരക്കു കയറ്റി. അപ്പോൾ ജീവനുണ്ടായിരുന്നു. എന്നാൽ, താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പുഴയിൽ എങ്ങനെയാണ് ഇദ്ദേഹം അകപ്പെട്ടതെന്ന് വ്യക്തമല്ല. ഭാര്യ: ലിൻസി.