അകത്തേത്തറ (പാലക്കാട്): പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഹോട്ടലിലെ മാലിന്യക്കുഴിയിൽ വീണ് തൊഴിലാളി മരിച്ചു. അകത്തേത്തറ കല്ലേക്കുളങ്ങര മലയകണ്ടത്ത് വീട്ടിൽ സുചീന്ദ്രനാണ് (55) മരിച്ചത്. ഒലവക്കോടിന് സമീപം റെയിൽവെ കോളനി ഉമ്മിനിയിൽ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഹോട്ടലുടമ കല്ലേക്കുളങ്ങര വള്ളാട്ട് വീട്ടിൽ വിനീഷ് (42) സുചീന്ദ്രനെ പുറത്തെടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹവും ശ്വാസം ലഭിക്കാതെ ഡ്രൈനേജിൽ തലകറങ്ങി വീണു. പരിസരത്തുള്ളവരും അഗ്നിരക്ഷസേനയും ചേർന്നാണ് വിനീഷിനെ രക്ഷിച്ചത്.
ഏകദേശം 12 അടി താഴ്ചയുള്ള അഴുക്കുചാലിലെ ആൾതുളയിൽ കുടുങ്ങിയ സുചീന്ദ്രനെ അഗ്നിരക്ഷസേന പുറത്തെടുത്ത് പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമ്മിനിയിലെ സ്വകാര്യ വാണിജ്യ സമുച്ചയത്തിന്റെ മുന്നിലാണ് കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇറങ്ങാനാവുന്ന അഴുക്കുചാലുള്ളത്. ചാലിലെ പൈപ്പ് അടഞ്ഞത് നന്നാക്കാനാണ് സുചീന്ദ്രൻ എത്തിയത്. പ്ലംബറായ ഇദ്ദേഹം നീന്തൽ പരിശീലകനുമാണ്. പിതാവ്: സേതുമാധവൻ. മാതാവ്: ഇന്ദിര, സഹോദരങ്ങൾ: സുധീഷ്ണ, സുനിത.