ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ ടോറസ് ലോറി തട്ടി മറിഞ്ഞ ബൈക്ക് യാത്രക്കാരൻ മറ്റൊരു ലോറി ഇടിച്ച് മരിച്ചു. വരന്തരപ്പിള്ളി സ്വദേശി കോപ്പാടൻ വീട്ടിൽ വിജയന്റെ മകൻ സുധീഷാണ് (44) മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ആമ്പല്ലൂരിൽ അപകടത്തിൽ മറിഞ്ഞ ലോറിയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ തട്ടുകയായിരുന്നു.
അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് അതേ ദിശയിൽ വന്ന ലോറിയുടെ അടിയിലേക്ക് മറിഞ്ഞു. നാട്ടുകാർ ചേർന്ന് തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒല്ലൂരിലെ ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയാണ് സുധീഷ്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.