പഴയന്നൂർ: സ്വന്തം വീട്ടിലെ പഴയ ശുചിമുറി പൊളിച്ചുമാറ്റുന്നതിനിടെ ചുമർ ഇടിഞ്ഞു വീണ് ഗൃഹനാഥൻ മരിച്ചു. മരംമുറി തൊഴിലാളിയായ പഴയന്നൂർ ചീരക്കുഴി പാറപ്പുറം കാഞ്ഞൂർവീട്ടിൽ രാമൻകുട്ടിയാണ് (51) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
മൺകട്ടയിൽ കെട്ടിയ ചുമർ രാമൻകുട്ടി പൊളിക്കുന്നതിനിടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയും മക്കളും പ്രദേശവാസികളും മൺകട്ടകൾ മാറ്റിയാണ് രാമൻകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പൊളിച്ച് മാറ്റിയിട്ടിരുന്ന കരിങ്കല്ലിൽ തലയിടിച്ച് തലയിലും സാരമായി പരിക്കേറ്റിരുന്നു. ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം. ഭാര്യ : ഉമാമഹേശ്വരി. മക്കൾ : ദുർഗ, ഗായത്രി.