ചെറുതുരുത്തി: അമ്മയോട് ‘പേന വാങ്ങി വരാം’ എന്നു പറഞ്ഞ് കടയിൽ പോയ ബിരുദവിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ. ചെറുതുരുത്തി പന്നിയെടി പൊട്ടികുണ്ടിൽ വീട്ടിൽ പരേതനായ മുഹമ്മദ് അക്മാന്റെ മകൾ റുഫൈദയെയാണ് (21) നെടുമ്പുര ശിവക്ഷേത്ര കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹെൽപറായി ജോലി ചെയ്യുന്ന മാതാവ് നഫീസക്കുട്ടിയെ കാണാൻ ബുധനാഴ്ച രാവിലെ ഒമ്പതോടെ നെടുമ്പുര അംഗൻവാടിയിലെത്തിയ റുഫൈദ അവിടെനിന്ന് പേന വാങ്ങാനാണെന്ന് പറഞ്ഞ് പോയതായിരുന്നു.
പത്തോടെ നാട്ടുകാരാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുന്നംകുളം എ.സി.പി സി.എം. സന്തോഷ്, ചെറുതുരുത്തി സി.ഐ വിനു, എസ്.ഐ നിഖിൽ, എ.എസ്.ഐ ജയശ്രീ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ച് മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സഹോദരൻ: മുഹമ്മദ് റാഫി.