പഴയന്നൂർ: സി.പി.എം നേതാവ് പത്മകുമാർ എന്ന പപ്പൻ (46) നിര്യാതനായി. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചക്കായിരുന്നു മരണം. കടുത്ത പ്രമേഹത്തെത്തുടർന്ന് ഇരുവൃക്കകളും തകരാറിലായ ഇദ്ദേഹത്തിന് ശ്വാസകോശത്തിൽ അണുബാധയുമുണ്ടായിരുന്നു. ഇടതുപക്ഷത്തിെൻറ ജനകീയ മുഖമായ പത്മകുമാർ പഴയന്നൂർക്കാരുടെ സ്വന്തം പപ്പേട്ടനായിരുന്നു. കൈതക്കോട് മാങ്ങോട്ട് വീട്ടിൽ പരേതരായ ഋഷികേശൻ നായരുടെയും ശാരദാമ്മയുടെയും മകനാണ്. മികച്ച വാഗ്മിയും സംഘാടകനുമായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റംഗം, സി.പി.എം ഏരിയ കമ്മിറ്റിയംഗം, ഗ്രന്ഥശാല സംഘം താലൂക്ക് കമ്മിറ്റിയംഗം, ദേശാഭിമാനി സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2005-2010 കാലയളവിലും കഴിഞ്ഞ തവണയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരുന്നു. 2010ൽ പഴയന്നൂർ പഞ്ചായത്ത് അംഗമായിരുന്നു. പഴയന്നൂരിലെ നിരവധി വികസന പ്രവർത്തനങ്ങളിൽ പത്മകുമാറിെൻറ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പഴയന്നൂർ പരസ്പരസഹായ സഹകരണ സംഘം, പഴയന്നൂർ ക്ഷീരോത്പാദക സഹകരണ സംഘം, പഴയന്നൂർ ബ്ലോക്ക് കോഓപറേറ്റിവ് സഹകരണ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങൾ ആരംഭിക്കാൻ നേതൃത്വം നൽകി. സംസ്ഥാന സർക്കാറിെൻറ മികച്ച തദ്ദേശഭരണ ജനപ്രതിനിധിക്കുള്ള അവാർഡും ഇന്ത്യയിലെ മികച്ച യുവ പൊതുപ്രവർത്തകന് രാജീവ് ഗാന്ധി ഫൌണ്ടേഷൻ ഏർപ്പെടുത്തിയ രാജീവ് ഗാന്ധി സദ്ഭാവന അവാർഡും ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച പകൽ 11ന് വീട്ടുവളപ്പിലാണ് സംസ്കാരം. അവിവാഹിതനാണ്. സഹോദരങ്ങൾ: സതീഷ് സതീശ ചന്ദ്രൻ, ഗീത, മഞ്ജുള, പരേതനായ രഘു നന്ദനൻ.