മുണ്ടൂർ: കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ തൽക്ഷണം മരിച്ചു. കാർയാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. മണ്ണൂർ കിഴക്കുംപുറം പാലക്കൽ കുഞ്ചെൻറ മകൻ സുരേഷ് ബാബു (കണ്ണൻ-49), പറളി സബ് രജിസ്ട്രാർ ഓഫിസ് സ്റ്റോപ്പിൽ വലിയാട്ട് വീട്ടിൽ സൈനുദ്ദീെൻറ മകൻ ഹുസൈൻ ബാബു (35) എന്നിവരാണ് മരിച്ചത്. അതിവേഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ച 12.30ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വേലിക്കാടിന് അടുത്ത് മൈലുംപുള്ളിയിലാണ് സംഭവം.മരിച്ച ഹുസൈൻ ബാബു മുട്ടിക്കുളങ്ങര കെ.എ.പി ക്യാമ്പിലെ പൊലീസുകാരനാണ്. പരേതയായ ഖദീജയാണ് മാതാവ്. ഭാര്യ: നസീല, അഞ്ചു മാസം പ്രായമായ പെൺകുഞ്ഞുണ്ട്. സഹോദരങ്ങൾ: ഹഫ്സത്ത്, ഷംസുന്നീസ, ഷിഫാബി (അധ്യാപിക, മിഷൻ സ്കൂൾ പാലക്കാട്), അമീൻ, മുസദ്ദീഖ്. നിഷയാണ് സുരേഷ് ബാബുവിെൻറ ഭാര്യ. പിതാവ്: കുഞ്ചൻ. ദാക്ഷായണിയാണ് മാതാവ്. സുരേഷ് ബാബുവിെൻറ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സംസ്കരിക്കും.