എലപ്പുള്ളി: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ചു. കോഴിപ്പാറ ഗവ. എച്ച്.എസ് സ്കൂളിലെ ഹിന്ദി അധ്യാപിക ചന്ദ്രനഗർ ചെമ്പലോട് ‘വൃന്ദാവനം’ ഭവനത്തിൽ എസ്. ശ്രീലതയാണ് (54) മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ പാറ-പൊള്ളാച്ചി പാതയിലെ എരട്ടയാലിലാണ് അപകടം. എലപ്പുള്ളി ഭാഗത്തേക്ക് നിർമാണ സാമഗ്രികൾ കയറ്റിപോയ ടിപ്പർ ലോറിയാണ് ഇടിച്ചത്. സ്കൂട്ടറിൽനിന്ന് റോഡിലേക്കു തെറിച്ചുവീണ ശ്രീലതയെ നാട്ടുകാർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിപ്പർ ലോറിയുടെ അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ടിപ്പർ ഡ്രൈവർ ഷാജഹാനെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ കായംകുളം സ്വദേശിയായ ശ്രീലത വർഷങ്ങളായി പാലക്കാട്ടാണ് താമസം. ഭർത്താവ് രാധാകൃഷ്ണൻ ദുബൈയിൽ കമ്പനി ഉദ്യോഗസ്ഥനാണ്. മകൾ: ഡോ. ലക്ഷ്മി തീർഥ (ആലപ്പുഴ). മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കായകുളത്തെ വീട്ടുവളപ്പിൽ വൈകീട്ടോടെ സംസ്കരിച്ചു.