പുലാമന്തോൾ: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥിനി മുങ്ങിമരിച്ചു. പാലക്കാട് പുതുപ്പരിയാരം പൂച്ചിറ പുതുവീട്ടിൽ അൻവറിെൻറ മകൾ ഹന്നയാണ് (11) മരിച്ചത്. പേഴുങ്കര മോഡൽ ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. രണ്ടു മാസമായി കരിങ്ങനാട് മാതാവിെൻറ നാട്ടിൽ വാടക വീട്ടിലായിരുന്നു താമസം. കുടുംബസമേതം കരിങ്ങനാെട്ട വീട്ടിൽനിന്ന് കുളിക്കാനെത്തിയതായിരുന്നു. കുന്തിപ്പുഴ തോണിക്കടവ് തടയണക്ക് താഴെ സ്ഥിരം അപകട മേഖലയിൽ കുളിക്കാനുള്ള ശ്രമത്തിനിടയിൽ ഹന്ന കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കരകയറ്റി പുലാമന്തോളിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: കരിങ്ങനാട് പുഴക്കാടത്ത് വീട്ടിൽ സുഹറ. ഏക സഹോദരി: ഫിദ.