കോട്ടായി: ശിങ്കാരിമേളം ട്രൂപ്പ് സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച മൂന്നിന് പിരായിരി അയപ്പൻകാവിന് സമീപമാണ് അപകടം.കരിയംകോട് കുന്നത്ത് ശിങ്കാരിമേളം ട്രൂപ്പ് സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ട്രൂപ്പിലെ പ്രധാന കൊട്ടുകാരനായ കോട്ടായി അയ്യംകുളം അംബേദ്കർ കോളനിയിൽ ‘സരോബല’ത്തിൽ ബാലെൻറ മകൻ മോഹൻദാസ് (30) ആണ് മരിച്ചത് ട്രൂപ്പ് ഉടമയും വാഹന ഡ്രൈവറുമായ കരിയംകോട് ബിനീഷ്, ട്രൂപ്പിലെ അംഗം കോട്ടായി അയ്യംകുളം അംബേദ്കർ കോളനിയിലെ ഓമനയുടെ മകൻ സതീഷ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
വാഹനത്തിന് മുന്നിലേക്ക് ചാടിയ നായെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. മരിച്ച മോഹൻദാസ് വിവാഹിതനായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) അയ്യംകുളം യൂനിറ്റ് അംഗമാണ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ശ്രീഷ്മ. മാതാവ്: സരസ്വതി. സഹോദരിമാർ: ലത, ലതിക.