മാവേലിക്കര: ബി.എസ്.എന്‍.എല്‍ ഓഫിസിന് മുകളിലെ ടവറില്‍ കയറി ഭീഷണി മുഴക്കിയ യുവാവ് ടവറില്‍ തൂങ്ങിമരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് കോട്ടയുടെ വടക്കതില്‍ പ്രഭാകരെൻറ മകന് ശ്യാംകുമാറാണ് (ഗണപതി-33) ആത്മഹത്യ ചെയ്തത്. മാവേലിക്കര പൊലീസ് സ്റ്റേഷന് മുന്നിലെ ബി.എസ്. എന്‍.എല്‍ ഓഫിസ് കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള ടവറിലാണ് യുവാവ് കയറിയത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഒാടെയായിരുന്നു സംഭവങ്ങള്‍. പൊലീസും അഗ്നിശമന സേനയും അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭാര്യ ഇയാള്‍ക്കെതിരെ വനിത സെല്ലില്‍ പരാതി കൊടുത്തിരുന്നു. ഇതിനുശേഷം ഇയാള്‍ ഭാര്യക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് ഭാര്യയെ വിളിച്ചു വരുത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ആവശ്യം പൊലീസ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ശ്യാം ടവറിന് മുകളില്‍ കയറുകയും അവിടെയിരുന്ന് ഭീഷണി മുഴക്കുകയും പൊലീസിനുനേരെ ആക്രോശിക്കുകയുമായിരുന്നു. ഭാര്യയെ കൊണ്ടുവന്ന് പരാതിയില്ലെന്ന് എഴുതിക്കൊടുത്താല്‍ താഴെയിറങ്ങാമെന്ന് ഇയാള്‍ പറഞ്ഞു. തുടർന്ന് ഭാര്യയെ പൊലീസ് അവിടേക്ക് എത്തിച്ചെങ്കിലും ഇയാൾ താഴെ ഇറങ്ങാൻ തയാറായില്ല. ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭാര്യക്ക് മുന്നിൽ ലൈവായി മരിക്കാനാണ് അവരെ വിളിച്ചു വരുത്തിയതെന്ന് പറഞ്ഞുകൊണ്ട് ഉടുമുണ്ട് അഴിച്ച് കഴുത്തില്‍ കുരുക്കിട്ട് താഴേക്ക് ആയുകയായിരുന്നു.എന്നാല്‍, ആദ്യശ്രമത്തില്‍ കുരുക്ക് അഴിഞ്ഞ് യുവാവ് ടവറിെൻറ ഇടക്കുള്ള തട്ടിലേക്ക് വീണു. ഈ സമയം അഗ്നിശമന ഉദ്യോഗസ്ഥര്‍ മുകളിലേക്ക് കയറിയെങ്കിലും ഉടന്‍ തന്നെ വീണ്ടും കുരുക്കിട്ട് ഇയാള്‍ ചാടുകയായിരുന്നു. അഗ്നിശമന ഉദ്യോഗസ്ഥര്‍ മുകളിലെത്തി കുരുക്കഴിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് മാവേലിക്കര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇയാള്‍ മുമ്പ് ആത്മഹത്യശ്രമം നടത്തിയിരുന്നതായും ഇതേതുടര്‍ന്ന് മനോരോഗ ചികിത്സക്ക് വിധേയനായിരുന്നെന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. മാതാവ്: പദ്മിനി, ഭാര്യ: പ്രിയ. മകന്: പ്രത്യാശ്.