മനാമ: രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസന മേഖലകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകാനുള്ള അവസരം വിനിയോഗിക്കുന്നതിനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിന് കൂടുതൽ സൗകര്യപ്രദമായ മാർഗനിർദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് പ്രവാസി വെൽഫെയർ കത്ത് നൽകി. പ്രവാസി വോട്ട് ചേർക്കലിനുള്ള രേഖകൾ ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കൽ അപ്രായോഗികമാണെന്നും പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചു.
പ്രവാസി വോട്ടർമാർമാർ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോറത്തിൽ ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറ് എടുത്ത് അതിൽ ഒപ്പുെവച്ച് അനുബന്ധ രേഖകൾ സഹിതം നേരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ തെരഞ്ഞെടുപ്പ് കമീഷന്റെ വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ വിദേശത്തുള്ളവർക്ക് നേരിട്ട് അപേക്ഷ എത്തിക്കുക എന്നതും ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം തപാലിൽ എത്തിക്കുക എന്നതും അപ്രായോഗികമാണ്.
ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകാനുള്ള പൗരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനായി കൂടുതൽ സൗകര്യപ്രദമായ മാർഗനിർദേശം പുറപ്പെടുവിക്കാൻ തെരഞ്ഞെടൂപ്പ് കമീഷൻ തയാറാകണം എന്ന് അദ്ദേഹം അഭ്യർഥിച്ചു. ജോലി, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാലോ മറ്റുവിധത്തിലോ വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന സംസ്ഥാനത്തിനകത്തെ വോട്ടർമാർക്ക് ഹിയറിങ്ങിന് ഇളവ് നൽകുകയും അപേക്ഷ ഇ-മെയിലായി നൽകുന്നതിന് അവസരം നൽകുകയും ചെയ്തതായി കമീഷന്റെ സർക്കുലർ വ്യക്തമാക്കുന്നു.ഇതേ മാതൃകയിൽ പ്രവാസി വോട്ടർമാർക്കും അപേക്ഷയുടെ പ്രിൻറ് ഔട്ടിൽ ഒപ്പ് രേഖപ്പെടുത്തി സ്കാൻ ചെയ്ത് അനുബന്ധ രേഖകൾ സഹിതം ഇ-മെയിലായി സമർപ്പിക്കുന്നതിന് സംവിധാനം ഒരുക്കണം. വിഷയത്തിൽ സർക്കാറും പ്രതിപക്ഷ പാർട്ടികളും ഇടപെടണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.