നാടും വീടും വിട്ട് അന്യദേശത്ത് തൊഴിലെടുക്കുന്ന ഏതൊരു പ്രവാസിയുടെയും സന്തോഷങ്ങൾ നിലനിൽക്കുന്നത് തൊഴിലിടങ്ങളെ ആശ്രയിച്ചാണ്. അതിനാധാരം ആ രാജ്യത്തെ തൊഴിൽ നിയമങ്ങളുമാവും. പ്രയാസവും പ്രതിസന്ധിയും ഏതൊരു തൊഴിലിലും സഹജമാണ്. അതിനെ ഇച്ഛാശക്തികൊണ്ട് നേരിടുന്നവരുമാണ് പ്രവാസികൾ. എന്നിരുന്നാലും പ്രവാസലോകത്തെ മികച്ച തൊഴിൽ സാഹചര്യങ്ങളും സൗഹൃദ നിയമങ്ങളും ഏതൊരു പ്രവാസിക്കും പലപ്പോഴും ഏറെ ആശ്വാസകരമാവാറുണ്ട്. ബഹ്റൈനിലെ തൊഴിൽനിയമപ്രകാരം രാജ്യത്ത് തൊഴിലെടുക്കുന്ന ഏതൊരു പ്രവാസിക്കും ഇൻഡെമിനിറ്റി അഥവാ പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. ഒരു ജീവനക്കാരൻ ഒരു സ്ഥാപനത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സാമ്പത്തികപരമായ സഹായം എന്ന നിലയിലുമാണ് ഈ ആനുകൂല്യം നൽകുന്നത്.
ഗോസിയുടെ നിയമവും ഭേദഗതിയും
രാജ്യത്തെ പഴയ തൊഴിൽനിയമപ്രകാരം 1976ലാണ് ഇൻഡെമിനിറ്റി നിലവിൽ വന്നത്. പിന്നീട് ഇത് പരിഷ്കരിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള തൊഴിൽ നിയമം 2012 ലേതാണ്. ബഹ്റൈനിൽ തൊഴിലെടുക്കുന്ന ഏതൊരു പ്രവാസിക്കും അതായത് ഗാർഹിക തൊഴിലാളികൾക്കടക്കം ഇൻഡെമിനിറ്റി ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ ഫ്ലക്സി വിസക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 2024 ൽ ഈ നിയമത്തിൽ ഒരു നിർണായക ഭേദഗതി വന്നിരുന്നു. 2024 ഫെബ്രുവരി വരെയുള്ള ഇൻഡെമിനിറ്റി തൊഴിലുടമ നേരിട്ടായിരുന്നു നൽകിയിരുന്നത്. ഭേദഗതിക്ക് ശേഷം തുക സർക്കാർ നേരിട്ട് ഗോസി വഴിയാണ് നൽകുന്നത്. അതിനായി ഓരോ മാസവും ഇൻഡെമിനിറ്റി തുക തൊഴിലുടമ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് (എസ്.ഐ.ഒ) അടക്കണം. 2024 ഫെബ്രുവരിവരെ ജോലി എടുത്തവരും ഇതുവരെ ഇൻഡെമിനിറ്റി കൈപ്പറ്റാത്തവരും ഭേദഗതി വന്ന മാസം വരെയുള്ള തുക തൊഴിലുടമയിൽനിന്നുതന്നെ വാങ്ങണം. എന്നാൽ, തൊഴിലിൽ നിന്ന് പിരിഞ്ഞുപോകുന്ന ഗാർഹിക തൊഴിലാളികളുടെ ഇൻഡെമിനിറ്റി ഇപ്പോഴും തൊഴിലുടമ തന്നെയാണ് നൽകേണ്ടത്. അത് ഗോസി വഴി ആക്കിയിട്ടില്ല.
തൊഴിലുടമ ഇൻഡെമിനിറ്റി അടക്കാതിരുന്നാൽ
തൊഴിലുടമ ഇൻഡെമിനിറ്റി അടക്കുന്നില്ലെങ്കിൽ തൊഴിലിൽ തുടരുന്ന തൊഴിലാളിക്ക് നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം ഇൻഡെമിനിറ്റിക്കുള്ള അർഹത ജോലിയിൽനിന്ന് പിരിയുന്ന സമയത്താണ്. അപ്പോൾ ലഭിക്കാതിരുന്നാൽ കോടതിയിൽ പരാതി നൽകാം. ഇൻഡെമിനിറ്റി അടക്കാതിരിക്കുന്നത് തീർച്ചയായും നിയമവിരുദ്ധമാണ്. നിശ്ചിത തീയതിക്കുള്ളിൽ അടക്കാതിരുന്നാൽ അഞ്ച് ശതമാനം പിഴയും കൊടുക്കേണ്ടി വരും. തൊഴിലുടമ തൊഴിലാളി ജോലിയിൽ നിന്ന് പിരിയുന്നതുവരെ അല്ലെങ്കിൽ പുതിയ വിസയിലേക്ക് മാറുന്നത് വരെ കൃത്യമായി തുക അടച്ചാൽ മാത്രമേ തൊഴിലാളിക്ക് ഇൻഡെമിനിറ്റി ലഭിക്കൂ.
ശമ്പളത്തിന്റെ എത്ര ശതമാനം അടക്കണം, തിരികെ എത്ര ലഭിക്കും
ആദ്യത്തെ മൂന്ന് വർഷം തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 4.2 ശതമാനവും അത് കഴിഞ്ഞാൽ 8.4 ശതമാനവുമാണ് അടക്കേണ്ടത്. ആദ്യത്തെ മൂന്ന് വർഷം ഓരോ വർഷവും 15 ദിവസത്തെ ശമ്പളവും അതുകഴിഞ്ഞ് ഒരു മാസത്തെ ശമ്പളവുമാണ് ഇൻഡെമിനിറ്റിയായി ലഭിക്കുക. എത്ര വർഷം ജോലി ചെയ്യുന്നുവോ അത്രയും വർഷത്തെ ഇൻഡെമിനിറ്റി ലഭിക്കും. ജോലിയിൽ നിന്ന് പിരിച്ചുവിട്ടാലും പിരിഞ്ഞുപോയാലും ഇൻഡെമിനിറ്റിക്ക് അർഹതയുണ്ട്. തൊഴിലുടമ ശമ്പളം കുറച്ച് കാണിച്ച് ഇൻഡെമിനിറ്റി തുക അടക്കുന്നതും നിയമവിരുദ്ധമാണ്. പക്ഷേ ഇൻഡെമിനിറ്റി കണക്കാക്കുന്നത് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറിൽ പരാമർശിച്ച അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇ-കീ രജിസ്ട്രേഷൻ
ഇൻഡെമിനിറ്റി ഗോസി വഴി ലഭിക്കാൻ ഇ-കീ രജിസ്ട്രേഷൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ചെയ്യുന്ന ജോലിയിൽ നിന്ന് വിരമിച്ച് അല്ലെങ്കിൽ രാജിവെച്ചതിനുശേഷം വിസ റദ്ദാക്കുമ്പോൾ മാത്രമേ ഇ-കീ മുഖേന അപേക്ഷ നൽകാൻ സാധിക്കൂ. അതിനായി സാധാരണ ഇ-കീ മാത്രം മതിയാകില്ല. ഫിൻഗർ പ്രിന്റ് അടക്കം നൽകി അഡ്വാൻസ് ഇ-കീയിൽ കൂടെ രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ വ്യക്തിവിവരങ്ങൾക്കൊപ്പം ബാങ്ക് വിവരങ്ങളും നൽകേണ്ടി വരും.
സാധാരണ ഇ-കീ രജിസ്റ്റർ ചെയ്യാൻ നിങ്ങളുടെ ഫോൺ നമ്പറും സി.പി.ആർ നമ്പറും മതിയാകും. ഇത് ഓൺലൈനിലും പൂർത്തിയാക്കാം. എന്നാൽ അഡ്വാൻസ് ഇ-കീ ചെയ്യണമെങ്കിൽ കിയോസ്കുകളിൽ നേരിട്ട് പോവണം. ശേഷം സി.പി.ആർ ഇൻസേർട്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകണം. തുടർന്ന് കൈവിരൽ പതിപ്പിക്കണം. ഇത് വളരെ എളുപ്പത്തിൽ പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.