ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസ് മെഡിക്കൽ ടീം
മനാമ: നൂതന റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച് ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസ് (ആർ.എം.എസ്). ഈ നേട്ടം കൈവരിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ സ്ഥാപനം കൂടിയാണ് ആർ.എം.എസ്. കിഡ്നി, പ്രോസ്റ്റേറ്റ് നീക്കം ചെയ്യൽ, ഹെർണിയ, വൻകുടൽ ശസ്ത്രക്രിയകൾ, ഗൈനക്കോളജിക്കൽ നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ സങ്കീർണമായ ശസ്ത്രക്രിയകൾക്കുവരെ ഈ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു.
നൂതന റോബോട്ടിക് ശസ്ത്രക്രിയ സങ്കേതമായ ഹ്യൂഗോ റാസ് എന്ന സംവിധാനം വഴിവയാണ് ശസ്ത്രക്രിയ നടത്തിയത്. ത്രിമാന കാമറയും നാല് റോബോട്ടിക് കൈകളും ചേർന്ന ഈ സംവിധാനം സർജൻമാർക്ക് നല്ല കൃത്യതയും നിയന്ത്രണവും നൽകുന്നു. ഇത് ശസ്ത്രക്രിയ സമയത്ത് അണുബാധ സാധ്യത കുറക്കുകയും രോഗിയെ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഈ നേട്ടം ആർ.എം.എസിന്റെ മികച്ച സർവിസുകളെയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ ഹ്യൂഗോ റാസ് സിസ്റ്റം സജ്ജീകരിച്ച ആദ്യ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ സ്ഥാപനം കൂടിയാണ് ആർ.എം.എസ്. ബഹ്റൈൻ റോയൽ മെഡിക്കൽ സർവിസസിന്റെ സമർപ്പിതരായ മെഡിക്കൽ ടീമിന്റെയും പരിശീലനം ലഭിച്ച സ്റ്റാഫിന്റെയും കഴിവുകളാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. ഇത് മേഖലയിലെ ആരോഗ്യസംരക്ഷണത്തിന്റെ നിലവാരം ഉയർത്താൻ സഹായിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.