കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന്റെ ആരംഭവും പ്രവാസികളുടെ മടങ്ങിവരവും പതിവ് യാത്രക്കാരുടെ വർധനയും കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത തിരക്ക്. വേനൽക്കാല അവധി വിദേശത്ത് ചെലവഴിച്ച ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും കുവൈത്തിലേക്ക് തിരിച്ചെത്തുന്നത്. മലയാളികൾ അടക്കമുള്ള കുടുംബം രണ്ടാഴ്ചയായി തിരിച്ചെത്തികൊണ്ടിരിക്കുകയാണ്.
ആഗസ്റ്റിൽ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടതും വന്നിറങ്ങിയതുമായ 10,800 വിമാനങ്ങളിലായി ഏകദേശം 1.6 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചതായാണ് ഓപ്പറേറ്റിങ് ഏജൻസികളുടെ കണക്ക്.
തിങ്കളാഴ്ച നിരവധി അറബ്-വിദേശ തലസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 170 വിമാനങ്ങൾ എത്തി. 23 വിമാനങ്ങളുമായി ഈജിപ്താണ് ഒന്നാമത്. ഇന്ത്യയിൽനിന്ന് 21 വിമാനങ്ങളും ദുബൈയിൽനിന്ന് 14 വിമാനങ്ങളും ജിദ്ദയിൽനിന്ന് 13 വിമാനങ്ങളുമെത്തി.
യാത്രക്കാരുടെ നടപടികൾ സുഗമമാക്കുന്നതിന് എല്ലാ സൗകര്യങ്ങളും വിപുലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകളിലും, ട്രാൻസിറ്റ്, കസ്റ്റംസ് ഹാളുകളിലും പ്രവേശന, പുറപ്പെടൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും എല്ലാ ഓപ്പറേഷൻ ടീമുകളും ബന്ധപ്പെട്ട ഏജൻസികളും തുടർച്ചയായി പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ വർഷാരംഭത്തിന്റെ ഭാഗമായി കുടുംബങ്ങളുടെയും വിദ്യാർഥികളുടെയും തിരിച്ചുവരവിന്റെ ഏറ്റവും ഉയർന്ന സമയമാണ് ഇതെന്നും വ്യക്തമാക്കി.
വിമാനത്താവളത്തിലെ ഒന്നിലധികം ടെർമിനലുകൾ തിരക്ക് തടയുന്നതിനും യാത്രക്കാരുടെ ഗതാഗതം നിയന്ത്രിക്കുന്നതിനും ഗുണകരമാണ്. യാത്രക്കാർ നേരിടാനിടയുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിന് സപ്പോർട്ട് ഫീൽഡ് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിമാനങ്ങളുടെ വർധനവും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത് പ്രത്യേക പ്രവർത്തന പദ്ധതി തയാറാക്കിയതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.