ദുബൈ: എമിറേറ്റിൽ ട്രാഫിക് പിഴ കുടിശ്ശികയുള്ള താമസക്കാർക്ക് ഭാവിയിൽ വിസ പുതുക്കുന്നതിനുള്ള നടപടികളിൽ തടസ്സം നേരിടും. ട്രാഫിക് പിഴ അടക്കുന്നതിനുള്ള സംവിധാനവും വിസ നടപടികളും പരസ്പരം ബന്ധിപ്പിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. ശേഷം എമിറേറ്റിലുടനീളമുള്ള എല്ലാ സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കും. പുതിയ സംവിധാനമനുസരിച്ച് വിസ പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ട്രാഫിക് പിഴ കുടിശ്ശിക പൂർണമായും അടക്കേണ്ടി വരും. എന്നാൽ, നിലവിൽ താമസക്കാരുടെ വിസ ഇതുമൂലം തടസ്സപ്പെടില്ല. എല്ലാ താമസക്കാരും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ഇതിന്റെ ഭാഗമായി ട്രാഫിക് പിഴയിൽ വലിയ കുടിശ്ശികയുള്ളവർക്ക് തവണകളായോ മുഴുവനായോ അടക്കാനുള്ള സംവിധാനമൊരുക്കും.
ഓരോ കേസിന്റെയും സ്വഭാവം അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനു മുമ്പ് ആയിരക്കണക്കിന് ട്രാഫിക് കേസുകൾ വിലയിരുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സൗഹൃദപരമായിരിക്കും സംവിധാനമെന്ന് ഉറപ്പുവരുത്തും. വിസ സേവനങ്ങൾക്കായി ബന്ധപ്പെട്ട അതോറിറ്റികളെ സമീപിക്കുന്ന താമസക്കാർക്ക് പണമടക്കാനുള്ള പ്രക്രിയയെ കുറിച്ച് നിർദേശം ലഭിക്കും. കൂടുതൽ കുടിശ്ശികയുള്ളവർക്ക് തവണകളായി അടക്കാനുള്ള സംവിധാനമൊരുക്കുകയും ചെയ്യും. നിലവിൽ സംവിധാനം ദുബൈ എയർപോർട്ടിലോ ജി.ഡി.ആർ.എഫ്.എ സെന്ററുകളിലോ നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സർവിസുകളുമായി പിഴ കുടിശ്ശികയെ ബന്ധിപ്പിക്കാനുള്ള നടപടികൾ ഇതാദ്യമായല്ല നടപ്പാക്കുന്നത്. 2014ൽ ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴ കുടിശ്ശികയുള്ളവർക്ക് വിസ പുതുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.