ഹൈദരാബാദ്: മലക്പേട്ടിലെ ഷാലിവാഹൻ നഗർ പാർക്കിൽ പ്രഭാത നടത്തത്തിനിടെ മുതിർന്ന സി.പി.ഐ നേതാവ് ചന്തു റാത്തോഡ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഭൂമി തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. നാല് പ്രതികൾ കീഴടങ്ങിയതായി റിപ്പോർട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നാഗർകുർനൂൾ ജില്ലയിലെ ബാൽമൂർ മണ്ഡലത്തിലെ നർസായിപ്പള്ളി സ്വദേശിയായ റാത്തോഡ് മലക്പേട്ട് പ്രദേശത്താണ് താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ പതിവുപോലെ പ്രഭാത നടത്തത്തിനായി പാർക്കിൽ എത്തിയതായിരുന്നു റാത്തോഡ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രാവിലെ 7.30 ഓടെ റാത്തോഡ് ഭാര്യക്കും മകൾക്കുമൊപ്പം നടപാതയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് വെളുത്ത സ്വിഫ്റ്റ് ഡിസയർ കാറിൽ നാലംഗ അജ്ഞാത സംഘം സി.പി.ഐ നേതാവിനെ സമീപിച്ച് ആദ്യം മുളകുപൊടി വിതറിയത്.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാലംഗ അജ്ഞാത സംഘം റാത്തോഡിന് നേരെ വെടിയുതിർത്തു. പോയിന്റ് ബ്ലാങ്കിൽ നിന്ന് ഒന്നിലധികം റൗണ്ടുകൾ വെടിവെച്ചു. ഗുരുതരമായ വെടിയേറ്റ റാത്തോഡ് നിലത്ത് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാരും പാർക്കിൽ രാവിലെ നടക്കാൻ പോയിരുന്ന മറ്റുള്ളവരും ഉടൻ തന്നെ ലോക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മലക്പേട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നിട്ടുണ്ടാവുക എന്നാണ് പൊലീസ് നിഗമനം. തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.