മാവേലിക്കര: പുഞ്ചയിൽ വള്ളം മറിഞ്ഞുകാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് തട്ടാരമ്പലത്തിന് സമീപത്തെ പുഞ്ചയിൽ അപകടത്തിൽ കാണാതായ ചെങ്ങന്നൂർ വെണ്മണി താഴം വല്യത്ത് പി.കെ. രാജുവിെൻറ മകൻ ശ്രീഹരിയുടെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴയിൽനിന്നെത്തിയ സ്ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.ബുധനാഴ്ച വൈകീട്ട് മൂന്നിന് തട്ടാരമ്പലം പടുകാൽ പുഞ്ചയിലാണ് സംഭവം. വള്ളത്തിൽ സഞ്ചരിച്ച മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് ശ്രീഹരിയെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റം വടക്ക് ചന്ദ്രവിലാസം ജഗൽ (20), കുറങ്ങാട്ട് അനന്തു (24) എന്നിവർ നീന്തിരക്ഷപ്പെട്ടു. ചെങ്ങന്നൂർ പാണ്ടനാട് നന്ദനം കിരൺ പ്രസാദ് (20), മറ്റം വടക്ക് തട്ടയ്ക്കാട്ട് അശ്വിൻ (25) എന്നിവരുൾപ്പെടെ സുഹൃത്തുക്കളായ അഞ്ചുപേരാണ് പുഞ്ചക്ക് സമീപമെത്തിയത്. കിരണും അശ്വിനും കരക്ക് നിൽക്കവെ മറ്റു മൂന്നുപേർ വള്ളത്തിൽ കയറി തുഴഞ്ഞുപോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വള്ളത്തിൽനിന്നു വീണുപോയ ശ്രീഹരിയെ രക്ഷപ്പെടുത്താൻ നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മാവേലിക്കര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ ആർ. ജയദേവെൻറ നേതൃത്വത്തിൽ സേനാംഗങ്ങളും രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കെണ്ടത്താനായില്ല. പ്രതികൂല കാലാവസ്ഥയും ഇരുട്ടും കാരണം അന്ന് തിരച്ചിൽ നിർത്തിവെച്ചു.
വ്യാഴാഴ്ച രാവിലെ ആലപ്പുഴ ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷിെൻറ നേതൃത്വത്തിൽ സ്കൂബ ടീം അംഗങ്ങളായ കെ.ആർ. അനിൽകുമാർ, ലോറൻസ് ഫ്രാൻസിസ്, അനീഷ്, ഉദയകുമാർ, ചെങ്ങന്നൂർ നിലയത്തിലെ സുനിൽശങ്കർ, മാവേലിക്കര നിലയത്തിലെ അരുൺ ജി. നാഥ്, സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാതാവ്: ഓമന. സഹോദരങ്ങൾ: വി.ആർ. ഋഷികേശ്, വി.ആർ. രമേശ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.