കായംകുളം: പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി നേതാവും ആദ്യ നിയമസഭ സ്പീക്കറുമായിരുന്ന ആർ. ശങ്കരനാരായണൻ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാൾ രാമവർമയുടെയും മകളായിരുന്നു.1951ൽ ശൂരനാട് വിപ്ലവത്തിൽ തോപ്പിൽ ഭാസി ഒളിവിലിരിക്കെയായിരുന്നു വിവാഹം. ജന്മി കുടുംബത്തിലെ എല്ലാവരും കമ്യൂണിസ്റ്റ് സഹയാത്രികരായി മാറിയപ്പോൾ െപാലീസിെൻറയും ഗുണ്ടകളുടെയും കൊടിയ മർദനത്തിന് അമ്മിണിയമ്മയും ഇരയായി. മധ്യതിരുവിതാംകൂറിെല ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സെൽ രൂപവത്കരിച്ച എണ്ണക്കാട്ട് കടുത്ത പീഡനവും നേരിട്ടു. ഒരുവയസ്സുകാരൻ അജയനെയും ചേർത്തുപിടിച്ചാണ് ജന്മിമാർക്കെതിരെ അമ്മിണിയമ്മ അന്ന് പോരാടിയത്. തോപ്പിൽ ഭാസി ഒളിവിലായതോടെയാണ് അമ്മിണിയമ്മ പല്ലന പാണ്ടവത്ത് കുടുംബവീട്ടിലേക്ക് താമസം മാറിയത്. ഭാസിയെ കാണാൻ വള്ളികുന്നത്തെ വീട്ടിലെത്തിയിരുന്ന രാഷ്ട്രീയ നേതാക്കളും കലാസാംസ്കാരിക പ്രവർത്തകരുമായും അമ്മിണിയമ്മ നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. പി. ഭാസ്കരൻ, വയലാർ, രാമു കാര്യാട്ട്, സി. അച്യുതമേനോൻ, ഒ.എൻ.വി. കുറുപ്പ്, പി.കെ. വാസുദേവൻനായർ അടക്കമുള്ള പ്രമുഖർക്ക് ചോറുവിളമ്പിയ അനുഭവവമുണ്ട്. 1992 ആഗസ്റ്റ് 12ന് തോപ്പിൽ ഭാസി മരിച്ചശേഷവും സാംസ്കാരിക പരിപാടികളിലും പാർട്ടി പരിപാടികളിലും സജീവമായിരുന്നു. രണ്ടാഴ്ച മുമ്പാണ് തോപ്പിൽ വസതിയിൽ നടന്ന ‘അവകാശികൾ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടത്തിയത്.മക്കൾ: അഡ്വ. സോമൻ (നാടക രചയിതാവ്), മാല, സുരേഷ്, പരേതരായ അജയൻ (സിനിമ സംവിധായകൻ), രാജൻ. മരുമക്കൾ: ഡോ. സുഷമകുമാരി (റിട്ട. ഗവ. സർജൻ), ജയശ്രീ (റിട്ട. എച്ച്.എം, വിശ്വഭാരതി മോഡൽ സ്കൂൾ, കൃഷ്ണപുരം), രമ, ശാന്തിനി, പരേതനായ വിജയൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വള്ളികുന്നം തോപ്പിൽ വീട്ടുവളപ്പിൽ.