അരൂർ: ദേശീയപാതയിൽ എരമല്ലൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കോവിഡ് രോഗി മരിച്ചു. ഡ്രൈവറടക്കം മൂന്നുപേർക്ക് പരിക്ക്. കൊല്ലം തിരുമൂലവാരം ശ്രീ വൈകുണ്ഡം വീട്ടിൽ പൊന്നപ്പൻപിള്ളയുടെ ഭാര്യ ഷീല പി.പിള്ളയാണ് (66) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഡോ. മഞ്ജുനാഥ് (36), ഭാര്യ ഡോ.ദേവിക (31),ആംബുലൻസ് ഡ്രൈവർ കൊല്ലം കണ്ണനല്ലൂർ മഞ്ജുവിലാസത്തിൽ കെ.സന്തോഷ് (34) എന്നിവർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂർ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിെൻറ നില അതീവ ഗുരുതരമാണ്. ദേശീയപാതയിൽ എരമല്ലൂർ സാനിയ തിയറ്ററിനുസമീപം ശനിയാഴ്ച പുലർച്ചയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അരൂർ പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. അപകടം നടന്ന സമയത്ത് അതുവഴി വന്ന അരൂർ ഗ്രാമ പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ ഉണ്ണിയാണ് പരിക്കേറ്റവരെ ആദ്യം തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചത്. എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഷീല പി. പിള്ള മരിച്ചത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോയി. പരിക്കേറ്റ ഡോ. മഞ്ജുനാഥ് കൊല്ലം എൻ.എസ് ആശുപത്രിയിലെ പീഡിയാട്രീഷ്യനാണ്. ഡോ. ദേവിക കൊല്ലം ഗവ.ആശുപത്രിയിലെ ഡോക്ടറാണ്. മറ്റു മക്കൾ: ഡോ. അഞ്ജലി (ഗൈനക്കോളജിസ്റ്റ്,ഒമാൻ), അഡ്വ.രഞ്ജിനി (തിരുവനന്തപുരം ലോ അക്കാദമി അസി.പ്രഫസർ). മറ്റു മരുമക്കൾ: ഡോ. പ്രേം ഹരിദാസ് മേനോൻ (തിരുവനന്തപുരം മെഡിക്കൽ കോളജ്), ഡോ.സജിത കെ.നായർ (ആസ്ട്രേലിയ).